Thu. Apr 25th, 2024
അൽജിയേഴ‌്സ‌്:

അൽജീരിയയുടെ ഇടക്കാല പ്രസിഡന്റായി അബ‌്ദുൾ ഖാദർ ബെൻസലാഹിനെ പാർലമെന്റ‌് നിയമിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്നത് വരെയുള്ള 90 ദിവസത്തേക്ക‌ാണ‌് ബെൻസലാഹ‌് പ്രസിഡന്റായി തുടരുക. ആഴ്ചയായി നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ 20 വർഷമായി അധികാരത്തിൽ തുടരുന്ന അൽജീരിയൻ പ്രസിഡന്റ‌് അബ്ദലസീസ‌് ബൗത്തേഫ‌്‌ലിഖ രാജിവച്ചതിനെ തുടർന്നാണ‌് ചൊവ്വാഴ‌്ച ബെൻസലാഹയെ ഇടക്കാല പ്രസിഡന്റായി പാർലമെന്റ‌് തീരുമാനിച്ചത‌്.

അൾജീരിയയുടെ ഇടക്കാല പ്രസിഡന്റ് അബ‌്ദുൾ ഖാദർ ബെൻസലാഹ്, ചൊവ്വാഴ്ച ടെലിവിഷൻ പരിപാടിയിലൂടെ, 90 ദിവസത്തിനുള്ളിൽ രാജ്യത്ത് സ്വതന്ത്ര തിരഞ്ഞെടുപ്പ് നടത്തുമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. ബെൻസലാഹിന്റെ സ്ഥാനാരോഹണത്തിന് എതിരെയും വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്.

അൾജീരിയൻ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന അൾജീരിയൻ സൈന്യം ബെൻസലാഹിന്റെ പ്രസിഡന്റായുള്ള നിയമനത്തെയും അതിനോടുള്ള എതിർപ്പുകളോടും എങ്ങനെ പ്രതികരിക്കുന്നു എന്നത് നിർണ്ണായക ഘടകമാണ്. അൾജീരിയൻ കരസേന മേധാവി ലെഫ്റ്റനന്റ് ജനറൽ ഗെയ്ദ് സലാഹ് ബൗത്തേഫ‌്‌ലിഖയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള വിടവാങ്ങൽ ക്ഷമയോടെ കൈകാര്യം ചെയ്യുകയും പ്രതിഷേധക്കാർക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു. ഇടക്കാല പ്രസിഡന്റായി അബ‌്ദുൾ ഖാദർ ബെൻസലാഹിനെ പാർലമെന്റ നിയമിച്ച്‌ ഏതാനും മണിക്കൂറുകൾക്ക് ശേഷം, അൾജീരിയൻ ജനതയ്ക്ക് സമാധാനം ഉറപ്പാക്കാൻ സൈന്യം കൂടുതൽ പരിശ്രമിക്കുമെന്ന് ഗെയ്ദ് സലാഹ് ഉറപ്പുനൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *