Thu. Apr 25th, 2024
റാഞ്ചി:

ബി.ജെ.പി. വിട്ട കീര്‍ത്തി ആസാദ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നു മല്‍സരിക്കും. ബിഹാറിലെ ദര്‍ഭംഗ എംപിയായിരുന്ന ആസാദിനെ 2015 ല്‍ ആണു ബി.ജെ.പിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ക്രമക്കേടില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കും പങ്കുണ്ടെന്ന് ആരോപിച്ചതിനായിരുന്നു നടപടി.

20 വര്‍ഷത്തോളം ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചയാളാണ് കീര്‍ത്തി ആസാദ്. ബി.ജെ.പി പ്രകടനപത്രികയില്‍ രാമക്ഷേത്രം ഉള്‍പ്പെടുത്തുന്നതിനെയും ആസാദ് വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍‌ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ഭഗവത് ​ഝാ ആസാദിന്റെ മകനാണു കീര്‍ത്തി. സിറ്റിങ് എംപിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ പശുപതി നാഥ് സിങ്ങാണു ധന്‍ബാദില്‍ ആസാദിന്റെ എതിരാളി. 3 തവണ ദര്‍ഭംഗ മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട കീര്‍ത്തി 1983 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്നു.

ബിഹാറില്‍ വിശാല സഖ്യത്തില്‍പ്പെട്ട കോണ്‍ഗ്രസിനു ദര്‍ഭംഗ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് തൊട്ടടുത്ത സംസ്ഥാനമായ ഝാര്‍ഖണ്ഡിലെ ധന്‍ബാദ് കീര്‍ത്തിക്കു നല്‍കിയത്. ഖുന്തിയില്‍ കലിചരണ്‍ മുണ്ട കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കും. അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് മുച്ചി റായി മുണ്ടയുടെ മകനാണു കലിചരണ്‍. സിറ്റിങ് എംപി കരിയ മുണ്ടയെ ഒഴിവാക്കി ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയാണ് ഇവിടെ ബി.ജെ.പി. ടിക്കറ്റില്‍ മല്‍സരിക്കുന്നത്.

നാലുതവണ എംപി.യായിരുന്ന ആര്‍.ജെ.ഡി.യുടെ മുഹമ്മദ് അലി അശ്രഫ് ഫത്മിയെ 2014-ല്‍ 34,000 വോട്ടിനായിരുന്നു കീര്‍ത്തി തോല്‍പ്പിച്ചത്. 1999 മുതല്‍ ഫത്മിയാണ് മണ്ഡലത്തില്‍ കീര്‍ത്തിയുടെ എതിരാളി. ഇത്തവണ കീര്‍ത്തി ആര്‍.ജെ.ഡി. അടക്കമുള്ള മഹാമുന്നണിയുടെ ഭാഗമാവുന്നതോടെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ കരുത്തുകൂടും.

Leave a Reply

Your email address will not be published. Required fields are marked *