Thu. Apr 25th, 2024

കേരളത്തിലെ ചെറുപ്പക്കാരികൾ നേരിടുന്ന സൈബർ ഹിംസയെപ്പറ്റി ഞങ്ങൾ അടുത്തിടെ നടത്തിയ ഒരു ചെറുപഠനത്തിൽ വെളിപ്പെട്ട ഒരു കാര്യം രസകരമായിത്തോന്നി. മുന്നൂറിലധികം ബിരുദവിദ്യാർത്ഥിനികൾക്കു നൽകിയ ചോദ്യാവലിയിൽ സ്ത്രീകൾ ഓൺലൈൻ ജീവിതത്തിൽ അഭിമുഖീകരിക്കാൻ ഇടയുള്ള രണ്ടു സാഹചര്യങ്ങളോടുള്ള പ്രതികരണം ആവശ്യപ്പെട്ടിരുന്നു. ഒന്ന്, യൂട്യൂബിൽ സ്വന്തം ചാനൽ ആരംഭിച്ച് സാമൂഹികവും, രാഷ്ട്രീയവുമായ കാര്യങ്ങളെപ്പറ്റി തന്റെ അഭിപ്രായങ്ങൾ പ്രകടമാക്കുന്ന പുരോഗമന മനോഭാവക്കാരിയായ ഒരു സ്ത്രീയെപ്പറ്റി.

അവരുടെ തുറന്ന അഭിപ്രായപ്രകടനങ്ങൾ പലരിലും മതിപ്പുളവാക്കുന്നെങ്കിലും, അവ ആശാസ്യമല്ല എന്നു കരുതുന്നവർ അവരെ ആക്രമിക്കാനും ഒടുവിൽ വധഭീഷണി മുഴക്കാനും തയ്യാറാകുന്നു. ഈ വിഷയത്തിൽ ആ സ്ത്രീ എന്തു ചെയ്യണം? മറ്റൊന്ന്, നാമിന്ന് പ്രതികാരപ്പോർൺ എന്നു വിളിക്കുന്നതിനെപ്പറ്റി. അതായത്, ഒരു സ്ത്രീ പ്രണയബന്ധത്തിന്റെ മൂർദ്ധന്യത്തിൽ കാമുകനെ പൂർണമായും വിശ്വസിച്ചു കൊണ്ട് തന്റെ ചില നഗ്നചിത്രങ്ങൾ അയാൾക്കു കൈമാറുന്നു. പ്രണയം പക്ഷേ പ്രതീക്ഷിച്ചതുപോലെ വളർന്നില്ല. ആ ദേഷ്യത്തിൽ കാമുകൻ അവളുടെ ഫോട്ടോകളെ പരസ്യപ്പെടുത്തുന്നു. ഇതേപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്ത്?

ഓൺലൈൻ ജീവിതത്തിൽ സ്ത്രീകൾക്ക് സംഭവിക്കാനിടയുള്ള അപകടഘട്ടങ്ങളിൽ അവർ നീതി അർഹിക്കുന്നുവെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കേരളത്തിൽ അവിശ്വസനീയമാംവിധം കുറവാണ്. ഓഫ് ലൈൻ സ്ഥലം സ്ത്രീകളുടേതു കൂടിയാണ്, അവർക്ക് പൊതുപ്രവർത്തനത്തിനും സാംസ്കാരിക ആസ്വാദനത്തിനും മറ്റും തുല്യാവകാശമുണ്ടെന്നും, അതുകൊണ്ട് അവരുടെ താമസസ്ഥലങ്ങളായ ഹോസ്റ്റലുകൾ അതു നിരോധിച്ചുകൂട എന്ന കോടതി ഉത്തരവ് ഉണ്ടാകുന്ന അതേ കാലത്ത്, ഓൺലൈൻ വേദികളിൽ അഭിപ്രായപ്രകടനം നടത്തുന്ന സ്ത്രീകളെ കൂട്ടമായി ആക്രമിച്ച് നിശബ്ദരാക്കുന്ന ആണത്ത-അഹന്താ സംസ്കാരം ഇന്ന് കേരളത്തിൽ സാർവ്വത്രികവും സാധാരണവത്കരിക്കപ്പെട്ടതുമാണ്. കായികമായ ആക്രമണത്തിൽ ഞെട്ടലും പ്രതിഷേധവും ഉണ്ടാകുമെങ്കിലും, ഓൺലൈൻ ഇടങ്ങളിൽ സ്ത്രീകളെ ആക്രമിക്കുന്നതും തേജോവധം ചെയ്യുന്നതും അത്ര കാര്യമായ കുറ്റമായി നിയമപാലകർ പോലും അംഗീകരിക്കുന്നില്ല എന്നാണ് മുൻപറഞ്ഞ ഗവേഷണത്തിൽ സംശയാതീതമായി കണ്ടത്.

നേരത്തെ പറഞ്ഞ ചോദ്യങ്ങൾക്ക് വിദ്യാർത്ഥിനികൾ നൽകിയ ഉത്തരങ്ങളെ നാം വളരെ ശ്രദ്ധയോടെ കേൾക്കുകയും മാനിക്കുകയും ചെയ്യേണ്ടതുണ്ട്. യൂട്യൂബിലെ വീഡിയോകളിലൂടെ സ്വന്തം നിലപാടുകൾ വ്യക്തമാക്കാൻ ശ്രമിച്ച സ്ത്രീയോടൊപ്പമാണ് അവരിൽ വലിയ ഭൂരിപക്ഷവും നിന്നത്. അവൾ ഉപദ്രവികൾക്കെതിരെ കേസുകൊടുക്കണമെന്നും, ആരും തന്നെ തടയാൻ അവൾ സമ്മതിക്കരുതെന്നും മറ്റുമായിരുന്നു വിദ്യാർത്ഥിനികളിൽ അധികംപേരും ഉത്തരം നൽകിയത്. സാമൂഹിക മാദ്ധ്യമങ്ങളിലെ കൂട്ട ആക്രമണത്തെ നേരിടുന്നതും, സ്വന്തമായ ഒരു പൊതു തന്മ ഉണ്ടാക്കുന്നതും തമ്മിൽ വിദ്യാർത്ഥിനികൾ തിരഞ്ഞെടുക്കുന്നത്, ഇവയിൽ രണ്ടാമത്തെ സാദ്ധ്യതയെത്തന്നെ.

പല സമുദായത്തിലും ജാതികളിലും ഉൾപ്പെട്ടവരായ വിദ്യാർത്ഥിനികൾക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമാണുള്ളത്. പ്രതികാരപോർണിന്റെ കാര്യത്തിൽ പക്ഷേ സ്ത്രീയ്ക്ക് ഇത്തരത്തിലുള്ള സമ്മതവും പിൻതാങ്ങലും കിട്ടുന്നില്ല. സ്ത്രീയുടെ സമ്മതം കൂടാതെ അവളുടെ ചിത്രങ്ങളെ പരസ്യപ്പെടുത്തിയ പുരുഷൻ കുറ്റവാളിയാണെന്ന് വലിയൊരു വിഭാഗം വിദ്യാർത്ഥിനികളും പറയുന്നു. എന്നാൽ പ്രേമത്തിൽ കുടുങ്ങി സ്വന്തം ചിത്രങ്ങൾ ഇങ്ങനെ പങ്കുവച്ച സ്ത്രീ വലിയ ബുദ്ധിമോശമാണ് കാട്ടിയതെന്നും, അതിനാൽ പിണഞ്ഞ അബദ്ധത്തിന്റെ ഉത്തരവാദിത്തം അല്പം അവൾക്കുമുണ്ടെന്നാണ് മറ്റൊരു വലിയ വിഭാഗം അഭിപ്രായപ്പെട്ടത്.

അതായത്, ചിത്രങ്ങൾ പുറത്തായതിന്റെ പേരിൽ, നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ അപമാനിതയാകുന്ന സാദ്ധ്യതയെ ഒഴിവാക്കുന്നതും, പ്രണയാനുഭവത്തിലൂടെ ആനന്ദം കണ്ടെത്തുന്നതും തമ്മിലാണ് തിരഞ്ഞെടുക്കേണ്ടതെങ്കിൽ തങ്ങൾക്ക് ആദ്യത്തേതു മതി എന്നാണവർ പറയുന്നത്. മനഃപൂർവമല്ലെങ്കിലും ‘ലൈംഗികവീഴ്ച’ സംഭവിച്ച സ്ത്രീയ്ക്കുമേൽ സദാചാരക്കൊടുവാൾ വീഴുമെന്നും, അതുകൊണ്ടുതന്നെ നീതിസാദ്ധ്യത തീരെക്കുറവാണെന്നുമുള്ള സമകാലികയാഥാർത്ഥ്യമാകാം അവരെ ഈ വിധത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

എങ്കിലും ചിത്രങ്ങൾ പരസ്യമാക്കിയ പുരുഷൻ തന്നെയാണ് കുറ്റവാളി എന്ന് സ്ത്രീയുടെ അശ്രദ്ധയെ പഴിക്കുന്നവരും സമ്മതിക്കുന്നു. എന്നാൽ പൊതുരംഗത്ത് സ്വന്തം പൌരത്വം ഉറപ്പിക്കാൻ ശ്രമിക്കുന്ന സ്ത്രീ എന്തുകൊണ്ടും, നീതിയും സംരക്ഷണവും കരുതലും അർഹിക്കുന്നുണ്ടെന്ന് സർവേയിൽ പങ്കെടുത്ത മിക്ക വിദ്യാർത്ഥിനികളും പറയുന്നു.

എന്നെ ചിന്തിപ്പിച്ച കാര്യം, പക്ഷേ, ഇതാണ്. ഇതേ ഗവേഷണത്തിൽ പങ്കെടുത്ത നിയമപാലകർ ഈ വിഷയത്തെ മനസ്സിലാക്കുന്നത് നേരെ മറിച്ചാണ്. അതായത്, പൊതുപൌരത്വം കാംക്ഷിക്കുന്ന സ്ത്രീ എന്തുകൊണ്ടും, നിയമസംരക്ഷണത്തിനും കരുതലിനും അർഹയാണെന്നു വിദ്യാർത്ഥിനികൾ കരുതുന്നെങ്കിലും, പോലീസ് മേധാവികളുടെ ചിന്ത അപ്രകാരമല്ല. ഫേസ്ബുക്കിൽ അഭിപ്രായങ്ങൾ പറയുന്നതിന്റെ പേരിൽ തീവ്രവും ദീർഘവുമായ ആക്രമണം ആൺകൂട്ടങ്ങളിൽ നിന്ന് നേരിടേണ്ടിവരുന്ന സ്ത്രീകൾ ഇത് കുറച്ചെങ്കിലും ചോദിച്ചുവാങ്ങിയവരാണെന്നു കരുതുന്ന പ്രവണത പോലീസ്മേധാവികൾക്കിടയിൽ ഉണ്ടെന്ന് ഈ ഗവേഷണം വ്യക്തമാക്കുന്നു.

ഈ പ്രതികരണം ഒരു പക്ഷേ പ്രതീക്ഷിതമായിരുന്നു – സൈബർ ആക്രമണം സഹിച്ചവരും അതേപ്പറ്റി പോലീസിൽ പരാതിപ്പെട്ടവരുമായ പല ചെറുപ്പക്കാരികളും പങ്കിട്ട അനുഭവങ്ങളിൽ ഇതു കാണാമായിരുന്നു. ഇവരിൽ നിന്നു പ്രതീക്ഷിക്കാത്ത പ്രതികരണം ഓൺലൈൻ ജീവിതത്തിനിടയിൽ ലൈംഗികവീഴ്ച സംഭവിച്ച സ്ത്രീകളോട് ഇവർ കാട്ടിയ സഹതാപത്തോടടുക്കുന്ന വികാരമാണ്. സൂക്ഷ്മമായി നോക്കിയാൽ ഈ സഹതാപം ഏറെയും ഈ സ്ത്രീകൾ ഉൾപ്പെട്ട കുടുംബങ്ങളുടെ അടിത്തറ ഇളകുന്നതിനെക്കുറിച്ചുള്ള വേവലാതിയിലാണ് ഉറപ്പിക്കപ്പെട്ടിരിക്കുന്നതെന്നു കാണാം.

ഇത്തരം പരാതികളിൽ പെട്ടെന്നു തന്നെ ഇടപെട്ടില്ലെങ്കിലുള്ള സാമൂഹിക വിപത്തുകളെപ്പറ്റി കാര്യമായ വേവലാതി ഞങ്ങളോട് സംസാരിച്ച മിക്ക ഉദ്യോഗസ്ഥരും പ്രകടിപ്പിച്ചു. സർവേ വിവരങ്ങൾ പരിശോധിക്കുന്നതിൽ നിന്ന് ചെറുപ്പക്കാരികൾ പിതൃമേധാവിത്വത്തിനു പുറത്തല്ല, അവർ അതിനെ പൂർണമായും ഉപേക്ഷിക്കാനുള്ള സന്നദ്ധരുമല്ല, എന്ന് വ്യക്തമാണ്. പക്ഷേ, കുടുംബത്തിന്റെ മാനവും സ്ഥിരതയും പരിഗണിച്ചു ലഭിക്കുന്ന കരുതൽ തങ്ങൾക്കു ഗുണകരമല്ലെന്ന നിശബ്ദമായ തിരിച്ചറിവും അവർ പ്രകടിപ്പിക്കുന്നു – സ്വന്തമായ അച്ചടക്കം ആവശ്യമാണെന്ന് പറയുന്നതിനു പിന്നിലെ ചിന്ത അതായിരിക്കാം.

എങ്കിലും പൊതുരംഗപ്രവേശം കാംക്ഷിക്കുന്നവരായ സ്ത്രീ നീതി അർഹിക്കുന്നുവെന്ന് അവർ ഒരേ ശബ്ദത്തിൽ പറയുന്നത് ശ്രദ്ധേയമാണ്. അതായത്, നിയമപാലകർ കുടുംബമെന്ന സ്ഥാപനത്തോടു കൂറു കാണിക്കുന്നു, ചെറുപ്പക്കാരികൾ പക്ഷേ അതിനപ്പുറം പോകാൻ ശ്രമിക്കുന്നു, അത് അവരുടെ അവകാശമാണെന്നു കരുതുന്നു. അല്ലാതെ ഫെമിനിച്ചികളായി ഇകഴ്ത്തപ്പെടുന്ന കുറച്ചു സ്ത്രീകളുടെ തലയിലുദിച്ച വട്ടല്ല ഇന്നത്തെ സ്ത്രീകളുടെ പൊതുജീവിതകാംക്ഷ. നിയമപാലകർ ജനാധിപത്യവ്യവസ്ഥയോട് പ്രതിബദ്ധത പുലർത്തുന്നവരാണെങ്കിൽ വിദ്യാർത്ഥിനികളുടെ വീക്ഷണത്തെ ആദരവോടെ അംഗീകരിക്കുകയാണു വേണ്ടത്. നിയമപാലകർ മാത്രമല്ല, ഇവിടുത്തെ രാഷ്ട്രീയക്കാരും. പ്രത്യേകിച്ച്, ഇടതുരാഷ്ട്രീയം പ്രസംഗിക്കുകയും ആക്ടിവിസ്റ്റ്ഭീതി അലങ്കാരമായി കൊണ്ടുനടക്കുകയും ചെയ്യുന്നവരായ ഇടതുനേതാക്കൾ.

 ഫെമിനിസ്റ്റ്, സാമൂഹ്യശാസ്ത്ര ഗവേഷകയാണ്.

Leave a Reply

Your email address will not be published. Required fields are marked *