Thu. Mar 28th, 2024
ബെംഗളൂരു:

രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പരീക്ഷണം നേരിട്ട ആദ്യ സംസ്ഥാനമാണ് കര്‍ണാടക. ജെ.ഡി.എസുമായി സര്‍ക്കാരുണ്ടാക്കാനും ജെ.ഡി.എസിന് മുഖ്യമന്ത്രി പദവി നല്‍കാനുമുള്ള കോണ്‍ഗ്രസിന്‍റെ തീരുമാനം ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി. ഇതോടെ രാഹുലിന്‍റെ നീക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യമാണ് ബിജെപിയെ നേരിടുന്നത്. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള വിവാദം ഏറെ നീണ്ടെങ്കിലും കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യത്തിന് തന്നെയാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്. ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വെയില്‍ കര്‍ണാടക കോണ്‍ഗ്രസ് സഖ്യം തൂത്തുവാരുമെന്നും ബി.ജെ.പിക്ക് സീറ്റുകള്‍ നഷ്ടമാകുമെന്നുമാണ് റിപ്പോര്‍ട്ട്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് ഏറെ സഹായകമായ സംസ്ഥാനമാണ് കര്‍ണാടക. എന്നാല്‍ ഇത്തവണ കര്‍ണാടകയില്‍ ബി.ജെ.പി. പിന്നോട്ടടിക്കുമെന്ന് പോള്‍ ഐസ് നടത്തിയ സര്‍വ്വെയില്‍ പറയുന്നു. പോള്‍ ഐസ് സര്‍വ്വെ പ്രകാരം കോണ്‍ഗ്രസ് സഖ്യമാണ് കര്‍ണ്ണാടകയില്‍ കൂടുതല്‍ സീറ്റ് നേടി മുന്നേറുക. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി. അധികാരത്തിലെത്തിയ ആദ്യ സംസ്ഥാനമാണ് കര്‍ണാടക. ബി.ജെ.പിക്ക് സ്വാധീനമുള്ള ഒട്ടേറെ പ്രദേശങ്ങള്‍ കര്‍ണാടകയിലുണ്ട്. എന്നാല്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പഴയ തിളക്കമുണ്ടാകില്ലെന്ന് സര്‍വ്വെ പറയുന്നു.

28 ലോക്‌സഭാ സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ 17 സീറ്റിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചിരുന്നു. കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും ജെഡിഎസ് രണ്ടു സീറ്റിലും ജയിച്ചു. അന്ന് പക്ഷെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യമുണ്ടായിരുന്നില്ല. ഇത്തവണ കോണ്‍ഗ്രസ് സഖ്യം 17 സീറ്റുകള്‍ നേടുമെന്നാണ് പോള്‍ ഐസ് സര്‍വ്വെ പറയുന്നത്. ബി.ജെ.പിയുടെ ആറ് സീറ്റുകള്‍ സഖ്യം പിടിച്ചെടുക്കും. ബിജെപി 11 സീറ്റിലേക്ക് ചുരുങ്ങുമെന്ന് സര്‍വ്വെയില്‍ പറയുന്നു.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 13 ലോക്‌സഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി. മുന്നിട്ട് നില്‍ക്കുന്നു. 11 സീറ്റില്‍ കോണ്‍ഗ്രസും നാല് സീറ്റില്‍ ജെഡിഎസും മുന്നിട്ട് നില്‍ക്കുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രതിഛായ വീണ്ടും മെച്ചപ്പെട്ടുവെന്നാണ് സര്‍വ്വെയില്‍ വ്യക്തമാകുന്നത്. 17 സീറ്റില്‍ കോണ്‍ഗ്രസ് സഖ്യം കുതിക്കുമെന്നാണ് സര്‍വ്വെ. ബി.ജെ.പിക്ക് ഇവിടെ സീറ്റ് കുറയുന്നത് മോദിയുടെ രണ്ടാമൂഴം എന്ന മോഹത്തിന് തന്നെ തിരിച്ചടിയാണ്.

കോണ്‍ഗ്രസ് സഖ്യം 51 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്. ബി.ജെ.പിക്ക് 45 ശതമാനം വോട്ടുകളും കിട്ടും. പല സീറ്റിലും ശക്തമായ പോരാട്ടം നടക്കും. വന്‍ ഭൂരിപക്ഷം മിക്കയിടത്തുമുണ്ടാകില്ല. എട്ട് സീറ്റില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ ഭൂരിപക്ഷം ലഭിക്കും. മൂന്ന് സീറ്റില്‍ നേരിയ ഭൂരിപക്ഷം മാത്രമാണുണ്ടാകുക. ബി.ജെ.പിക്ക് നാല് മണ്ഡലത്തില്‍ ഉയര്‍ന്ന ഭൂരിപക്ഷമുണ്ടാകും. നാലെണ്ണത്തില്‍ നേരിയ ഭൂരിപക്ഷവും. ബാക്കി വരുന്ന ഒമ്പതു സീറ്റുകളിലെ വിജയവും പരാജയവും പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. എങ്കിലും അനുകൂല ഘടകങ്ങള്‍ കോണ്‍ഗ്രസിന് സഖ്യത്തിനൊപ്പമാണ്. ഈ സീറ്റുകളില്‍ മൂന്ന് ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിനാകും ജയങ്ങള്‍ രേഖപ്പെടുത്തുകയെന്നും സര്‍വ്വെയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *