Sat. Apr 20th, 2024
കൊച്ചി:

കോടതിയില്‍ അഭിഭാഷകര്‍ക്ക് ഇനി മുതല്‍ ഗൗണില്ലാതെ ഹാജരാകാം. സംസ്ഥാനത്ത് കാലാവസ്ഥ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വിചാരണ കോടതിയില്‍ ചൂടുകാലത്ത് അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ ധരിക്കാതെ ഹാജരാകാം, എന്നാല്‍ ഹൈക്കോടതിയില്‍ ഗൗണ്‍ ധരിക്കണം. ജസ്റ്റിസ് ഷാജി.പി ചാലിയുടേതാണ് ഉത്തരവ്.

അഭിഭാഷക യൂണിഫോമിന്റെ മറ്റു വസ്തുവകകള്‍ ധരിക്കണമെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകനായ ജെ.എം.ദീപക് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. ചൂടുകാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് കോടതിമുറിയില്‍ നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കാണിച്ചാണ് ധീപക് ഹരജി നല്‍കിയത്. എന്നാല്‍ ഗൗണ്‍ ധരിക്കാതെ കോടതിയിലെത്തിയ ജെ.എം. ദീപകിന്റെ വാദം കേള്‍ക്കാന്‍ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കടുത്ത ചൂടില്‍ കറുത്ത കോട്ടും അതിന് മുകളില്‍ ഗൗണും ധരിച്ചെത്തുന്നത് വലിയ ബുദ്ധിമുട്ടാണ് അഭിഭാഷകര്‍ക്ക് ഉണ്ടാക്കുന്നത്. അതേസമയം ഹൈക്കോടതി പൂര്‍ണമായും ശീതീകരിച്ചിട്ടുണ്ടെങ്കിലും കീഴ് കോടതികളിലൊന്നും ശീതീകരണമില്ല. കൂടാതെ ആവശ്യത്തിന് ഫാനുകളും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *