വായന സമയം: 2 minutes
ന്യൂഡൽഹി:

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ മാര്‍ച്ച് 31 ഞായറാഴ്ച സംപ്രേഷണം ആരംഭിച്ച ബി.ജെ.പി അനുകൂല “നമോ ടി.വി.” ചാനലിന്റെ സംപ്രേഷണം തടയില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി.പുതിയ ചാനലിനെതിരെ കോണ്‍ഗ്രസും,എ.എ.പിയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തോട് വിശദീകരണം തേടുകയായിരുന്നു.എന്നാൽ “നമോ ടി.വി” ഒരു മുഴുവന്‍ സമയ ടെലിവിഷന്‍ ചാനല്‍ അല്ലെന്നും നാപ്റ്റോള്‍ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്ഫോം മാത്രമാണെന്നുമായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ മറുപടി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചാനല്‍ ഉപയോഗിക്കുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ്  കമ്മിഷനു നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. പരസ്യങ്ങളില്ലാതെ 24 മണിക്കൂര്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത് ചാനലിന്റെ സാമ്പത്തിക ഉറവിടത്തെ കുറിച്ചും സ്‌പോണ്‍സര്‍ഷിപ്പിനെ കുറിച്ചും സംശയം ജനിപ്പിക്കുന്നു. കഴിഞ്ഞമാസം 30ന് വാര്‍ത്താവിനിമയവിതരണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സ്വകാര്യചാനലുകളുടെ പട്ടികയില്‍ നമോ ടി.വി ഉള്‍പ്പെട്ടിരുന്നില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ചാനല്‍ തുടങ്ങാനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയെ നമോ ടി.വി മാനേജ്‌മെന്റ് സമീപിച്ചിട്ടുണ്ടോയെന്നായിരുന്നു എ.എ.പിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

“നമോ ടി.വി”യുടെ ഉടമ ആരെന്നോ, ഇതിനുള്ള ഫണ്ട് എവിടെ നിന്നാണ് വരുന്നതെന്നോ ഉള്ള കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ഇതേ പേരിലുള്ള വെബ്സൈറ്റിന്റെ ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അജ്ഞാതന്‍ എന്ന പേരിലാണ്.ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ചാനല്‍ തുടങ്ങുന്ന വിവരം ട്വീറ്റ് ചെയ്തത്. പേജില്‍ ഏറ്റവുമൊടുവില്‍ പുറത്തുവിട്ട ട്വീറ്റില്‍പ്പോലും മോദിയുടെ പരിപാടി തത്സമയം നമോ ടി.വിയില്‍ ലഭ്യമാണെന്ന് പറഞ്ഞിട്ടുണ്ട്.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന, വിവേക് ഒബ്‌റോയ് നായകനായി അഭിനയിക്കുന്ന “പി.എം. നരേന്ദ്ര മോദി” എന്ന ബോളിവുഡ് സിനിമ രണ്ടാഴ്ചക്കുള്ളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014 ലെ തിരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്.
മോദിയുടെ രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന സിനിമ തിരഞ്ഞെടുപ്പ് സമയത്ത് സമ്മതിദായകരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ചും പ്രതിപക്ഷ പാർട്ടികൾ വിവിധ തലങ്ങളിൽ പരാതി നൽകിയെങ്കിലും, ഹർജികൾ ദൽഹി, ബോംബെ ഹൈക്കോടതികൾ തള്ളിയിരുന്നു. തുടർന്ന് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

സിനിമക്കെതിരായ ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേൾക്കും. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ (ഐ) ദേശീയ പ്രസിഡന്റ് സതിഷ് ഗെയ്ക്ക് വാദ്, കോൺഗ്രസ് നേതാവ് അമൻ പൻവാർ എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബി.ജെ.പിയുടെ പ്രചാരണ പരിപാടിയായ “മേം ഭി ചൗക്കിദാര്‍” (ഞാനും കാവല്‍ക്കാരനാണ്) സംപ്രേഷണം ചെയ്തതിനു ദൂരദര്‍ശനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഔദ്യോഗിക വാര്‍ത്താവിതരണ സംവിധാനമായ ദൂരദര്‍ശനെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മിഷന്റെ നടപടി. ഈ വിഷയത്തില്‍ എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും കമ്മിഷനു പരാതി നല്‍കിയിരുന്നു. “മേം ഭി ചൗക്കീദാര്‍” പരിപാടി ദൂരദര്‍ശന്‍ തല്‍സമയം സംപ്രേഷണം ചെയ്യുകയും യൂട്യൂബിലും ദൂരദര്‍ശന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പരിപാടി പ്രചരിപ്പിക്കുകയും ചെയ്തതായും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.

റഫാല്‍ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്, കാവല്‍ക്കാരന്‍ കള്ളനാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് ബി.ജെ.പി ചൗക്കിദാര്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. രാജ്യത്തെ അഞ്ഞൂറിലധികം കേന്ദ്രങ്ങളിലായാണ് ഈ സംവാദ പരിപാടി സംഘടിപ്പിച്ചത്.

ഇത്തരുണത്തിൽ ടെലിവിഷൻ, സിനിമ, ദൂരദർശൻ തുടങ്ങിയ ദൃശ്യ മാധ്യമങ്ങളെ വ്യാപകമായി ദുരുപയോഗിച്ച്, തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് മോദിയുടെയും, ബി.ജെ.പിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നേറുന്നത്. നരേന്ദ്ര മോദിയുടെ എല്ലാ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളും തത്സമയം സംപ്രേഷണം ചെയ്യുന്ന ചാനലായ നമോ ടി. വിക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയതിന്റെ സംപ്രേക്ഷണ അനുമതി ഇല്ലെന്ന് മാത്രമല്ല, അതിനു വേണ്ടി അപേക്ഷ പോലും സമർപ്പിച്ചിട്ടില്ല എന്നറിയുമ്പോൾ ആണ് ഈ തിരഞ്ഞെടുപ്പിൽ എത്രമാത്രം അധികാര ദുർവിനിയോഗമാണ് അധികാര കേന്ദ്രങ്ങൾ നടത്തുന്നതെന്ന് പൊതു ജനങ്ങൾക്ക് മനസ്സിലാകുക.

Leave a Reply

avatar
  Subscribe  
Notify of