Thu. Apr 25th, 2024
ചെന്നൈ:

ടിക്ക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം. അശ്ലീല വിഡിയോകൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് ടിക്ക് ടോക്ക് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതും ആപ്പിനാൽ സൃഷ്‌ടിച്ച വിഡിയോകൾ മാധ്യമങ്ങൾ വഴി പ്രദർശിപ്പിക്കുന്നതും നിരോധിക്കുന്ന ഉത്തരവിറക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈനീസ് കമ്പനിയായ ബീജിംഗ് ബൈറ്റെഡൻസ് ടെക്‌നോളജി കോ നിർമ്മിച്ച വീഡിയോ ഷെയറിംഗ് ആപ്പാണ് ടിക് ടോക്. പ്രശസ്ത ഗാനങ്ങൾക്കും, സംഭാഷണങ്ങൾക്കും ഒപ്പം ചുണ്ടനക്കിയും ചുവടു വച്ചും ഉപഭോക്താക്കൾക്ക് വീഡിയോ റെക്കോർഡ് ചെയ്ത് ഷെയർ ചെയ്യാനുള്ള സംവിധാനമാണ് ടിക് ടോക് ആപ്പ് നൽകുന്നത്.

ടിക് ടോക്ക് ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണെന്നും, ഈ ആപ്പിലൂടെ അശ്ലീല വിഡിയോകൾക്ക് പ്രചാരം ലഭിക്കുന്നു എന്നും, കുട്ടികളെ ലൈംഗിക ചൂഷകരുടെ കെണിയിലകപ്പെടാൻ ആപ്പ് സഹായിക്കുന്നു എന്നും ചൂണ്ടികാട്ടിയുള്ള പൊതു താല്പര്യ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം ഉണ്ടായിരിക്കുന്നത്.

കോടതി ഉത്തരവുകൾ പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് ടിക് ടോക്ക് വക്താവ് പ്രതികരിച്ചിരിക്കുന്നത്. സുരക്ഷിതവും മാതൃകാപരവുമായ ഒരു ചുറ്റുപാട് നിലനിർത്തുക എന്നതിനാണ് പ്രഥമ പരിഗണനയെന്നും വക്താവ് വ്യക്തമാക്കി. അതേസമയം കേന്ദ്ര ഐ.ടി. മന്ത്രാലയം വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *