Sat. Apr 20th, 2024
കല്പറ്റ:

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേര്‍ താഴേക്ക് വീഴുകയായിരുന്നു. ഇതില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. റോഡ് ഷോ അവസാനിക്കുന്ന എസ്.കെ.എം.ജെ. സ്‌കൂള്‍ മൈതാനിയിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്.

റോഡ് ഷോ അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. ഈ സമയം സമീപത്തെ വാഹനത്തിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തി പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വെള്ളം നല്‍കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു.

അപകടത്തില്‍ പരിക്കേറ്റ ഇന്ത്യ എഹഡ് കേരളാ റിപ്പോർട്ടർ റിറ്റ്സൻ ഉമ്മനെ സ്ട്രക്ചറിൽ എടുത്താണ് ആംബുലൻസിൽ എത്തിച്ചത്. ഇതിന് രാഹുൽ ഗാന്ധിയും സഹായിച്ചു. പ്രിയങ്കാ ഗാന്ധിയാണ് റിറ്റസന്റെ ഷൂസ് എടുത്ത് ആംബുലൻസിലെത്തിച്ചത്. ഇതിന്റെ വീഡിയോ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് ജോയ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഷു ഒരു പ്രാവശ്യം പ്രിയങ്കയുടെ കൈയിൽ നിന്നും താഴെ വീഴുന്നതും അവർ വീണ്ടും അത് എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തില്‍ ന്യൂസ് 9 റിപ്പോർട്ടർ സുപ്രിയയ്ക്കും പരിക്കേറ്റു. ഇരുവരും കൽപ്പറ്റ ലിയോ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *