Tue. Apr 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഡാമുകള്‍ തുറന്നത്, മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും അമിക്കസ് ക്യൂറി ജേക്കബ് പി.അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 49 പേജുകളുള്ള വിശദ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ചെളി അടിഞ്ഞുകിടന്നിടത്ത് വെള്ളം അധികമൊഴുകിയെത്തിയതാണ് പല ഡാമുകളും വേഗത്തില്‍ നിറയാന്‍ കാരണമായത്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ലെന്നും, കനത്തമഴയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചുവെന്ന് ആരോപിക്കുന്ന നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.

ഓഗസ്റ്റ് 14നും 19നും ഇടയില്‍ പല ഡാമുകളില്‍നിന്ന് ഒന്നിച്ചും അപ്രതീക്ഷിതമായും വെള്ളം തുറന്നുവിട്ടതു വെള്ളപ്പൊക്കത്തിന്റെ ദുരന്തതീവ്രത വര്‍ദ്ധിപ്പിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടസാധ്യതയനുസരിച്ചു നല്‍കേണ്ട നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ നല്‍കിയത് ഇ.എ.പി. മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ അല്ല. ഓഗസ്റ്റ് 9-ന് ഇടുക്കി ഡാമിന് റെഡ് അലേര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പെരിയാറില്‍ വെള്ളപ്പൊക്കമുണ്ടായത് 14-ാണ്. 6 ദിവസം സമയം കിട്ടിയിട്ടും പ്രദേശവാസികളെ മാറ്റി പാര്‍പ്പിച്ചിട്ടില്ല.

ഓരോ വര്‍ഷവും വിവിധ കാലയളവുകളില്‍ ഡാമുകളില്‍ ഒഴുകിയെത്താവുന്ന വെള്ളത്തിന്റെ തോതും, ആവശ്യവും അടിസ്ഥാനമാക്കി തയാറാക്കുന്ന മാര്‍ഗരേഖയായ റൂള്‍ കര്‍വ് കൃത്യമായി ഒരു ഡാമിനുമുണ്ടായിരുന്നില്ല. ഡാം സുരക്ഷയ്ക്കുള്ള അടിയന്തര കര്‍മ്മപദ്ധതി തയ്യാറാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി 2008 ല്‍ തന്നെ നിര്‍ദേശിച്ചിരുന്നു. 10 വര്‍ഷം കഴിഞ്ഞിട്ടും തയ്യാറാക്കിയില്ല. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു മാത്രം അടിസ്ഥാനമാക്കിയാണ് സുരക്ഷാ മുന്‍കരുതലുകളെടുക്കുന്നത് എന്ന വാദം സ്വീകാര്യമല്ല. വിവരങ്ങള്‍ പൂര്‍ണമായി ശരിയാകണമെന്നില്ല എന്ന് ഐ.എം.ഡി തന്നെ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

കൃത്യമായ ഇടവേളകളില്‍ ഡാമുകളിലെ ചെളിയുടെ അളവ് പരിശോധിക്കാന്‍ സര്‍വേ നടത്തണമെന്ന് ഡാം സുരക്ഷാ റിപ്പോര്‍ട്ടില്‍ ചട്ടമുണ്ട്. സംഭരണശേഷി കൂട്ടാനുള്ള ശ്രമങ്ങളും നടത്തിയിട്ടില്ല. വെള്ളപ്പൊക്ക മുന്നറിയിപ്പു കേന്ദ്രങ്ങള്‍ സ്ഥാപിക്കാത്തത് കേരളം ആവശ്യപ്പെടാത്തുകൊണ്ടാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവത്തിന്റെ തെളിവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

1924-ലെ വെള്ളപ്പൊക്കത്തിനു സമാനമായി ചിത്രീകരിക്കുന്നതു ശരിയല്ല. അന്ന് കേരളത്തില്‍ മുല്ലപ്പെരിയാര്‍ ഡാം മാത്രമേയുള്ളൂ. ഇപ്പോള്‍ 79 ഡാമുകളുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും വളര്‍ന്നു. കേന്ദ്ര ജല കമ്മീഷനും കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളും ഡാം സേഫ്റ്റി അതോറിറ്റിയും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമുണ്ടെന്നും ചൂണ്ടിക്കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *