Thu. Apr 18th, 2024
തിരുവനന്തപുരം:

കേരളം പോളിംഗ് ബൂത്തിലെത്താന്‍ 24 ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സജീവ പ്രചാരണവുമായി രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ട് പോവുകയാണ്. അതേ സമയം വടകരയിലെയും വയനാട്ടിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്‍റെ 14ാംത്തെ സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് വന്നു. ഇതുവരെ 293 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അതേസമയം വയനാട്ടില്‍ തീരുമാനം വൈകിയാല്‍ അത് തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ വിവാദ വെളിപ്പെടുത്തലുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. രാഹുലിന്‍റെ വരവ് തടയുന്നത് ഒരു പാര്‍ട്ടി ഡല്‍ഹിയില്‍ നടത്തിയ അന്തര്‍നാടകങ്ങളാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തും. രാഹുലിന്‍റെ വരവ് ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് ജയസാധ്യതയെ ബാധിക്കില്ലെന്നും രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അമേതിയെ കൂടാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ മനസ് തുറന്നിട്ടില്ല. രണ്ടാം മണ്ഡലം വേണ്ടി വന്നാല്‍ അത് വയനാട് ആയിരിക്കില്ലെന്നും സൂചനകളുണ്ട്.

വയനാട്ടില്‍ രാഹുല്‍ വരുമെന്ന് ഉറപ്പു പറഞ്ഞ കേരള നേതാക്കള്‍ ഇതോടെ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു തുടങ്ങി. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വയനാട്ടില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം വയ്‌ക്കുക മാത്രമേ ചെയ്‌തിട്ടുള്ളൂ എന്നുമാണ് ഉമ്മന്‍ ചാണ്ടി ഇന്നലെ വിശദീകരിച്ചത്. വയനാട്, വടകര സ്ഥാനാര്‍ത്ഥികളെ ഇന്നലത്തെ ഡല്‍ഹി യോഗത്തിനു ശേഷം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. രാഹുല്‍ ഇല്ലെങ്കില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് കേരള നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *