Sat. Apr 20th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ലോക‌്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണം വ്യാഴാഴ‌്ച തുടങ്ങും. ഏപ്രില്‍ നാലാണ് അവസാന തീയതി. പ്രവൃത്തി ദിവസങ്ങളില്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. അഞ്ചിന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ‌്. റിട്ടേണിങ് ഓഫിസറുടെ അഭാവത്തില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ നാമനിര്‍ദേശപത്രികകള്‍ സബ് കലക്ടര്‍ കെ. ഇമ്ബശേഖറിനും, ആറ്റിങ്ങല്‍ മണ്ഡലത്തിലേത് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ മോന്‍സി പി. അലക്‌സാണ്ടറിനും സമര്‍പ്പിക്കാം.
ദേശീയ സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാർത്ഥിക്ക് ഒരു നാമനിര്‍ദേശകന്‍ മതിയാകും.

എന്നാല്‍ അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ സ്ഥാനാർത്ഥിക്കും സ്വതന്ത്ര സ്ഥാനാർത്ഥികള്‍ക്കും പത്തു നാമനിര്‍ദേശകര്‍ വേണം. സ്ഥാനാർത്ഥിയടക്കം അഞ്ചു പേരെ മാത്രമേ പത്രികാസമര്‍പ്പണത്തിനായി വരണാധികാരിയുടെ ഓഫിസിലേക്കു പ്രവേശിപ്പിക്കൂ. സ്ഥാനാർത്ഥിക്കൊപ്പം മൂന്നു വാഹനങ്ങള്‍ മാത്രമേ റിട്ടേണിങ് ഓഫീസറുടെ കാര്യാലയം സ്ഥിതിചെയ്യുന്ന സിവില്‍ സ്റ്റേഷന്‍ മന്ദിരത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ പ്രവേശിപ്പിക്കൂ. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി നാലു സെറ്റ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

പത്രികയ്‌ക്കൊപ്പം ഫോം 26 ല്‍ സത്യവാങ്മൂലവും നല്‍കണം. സ്ഥാനാര്‍ത്ഥിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ അടക്കമുള്ള സ്വത്ത്, വായ്പാ വിവരങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കുടിശ്ശികയുടെ വിവരങ്ങള്‍ തുടങ്ങിയവ ഇതില്‍ രേഖപ്പെടുത്തണം. പത്രിക സമര്‍പ്പിക്കുന്നയാളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ടെങ്കില്‍ അവ സംബന്ധിച്ച എഫ്‌.ഐ.ആര്‍. അടക്കമുള്ള പൂര്‍ണ വിവരങ്ങളും ഫോം 26 ല്‍ പരാമര്‍ശിക്കണം. 25000 രൂപയാണ് സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ 12500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *