Sat. Apr 20th, 2024
തിരുവനന്തപുരം:

തിരുവനന്തപുരം സർക്കാർ ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ എ.എസ് സജിത്തിനെ സർക്കാർ വെള്ളിയാഴ്ച്ച സസ്‌പെൻഡ് ചെയ്തിരുന്നു, ഇതിനെതിരിയാണ് കോളേജിലെ തന്നെ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകരും കലാകാരന്മാരും സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ് ആണ് എ.എസ്. സജിത്തിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

അധികാര ദുർവിനിയോഗം, സർക്കാർ ഉത്തരവുകൾ പാലിക്കാതിരിക്കൽ, സർക്കാർ സ്ഥാപനത്തിന്റെ തലവൻ എന്ന നിലയിൽ അച്ചടക്കം പാലിപ്പിക്കപ്പെടുന്നതിൽ പരാജയപ്പെടൽ എന്നീ കുറ്റങ്ങളാണ് എ.എസ്. സജിത്തിനെതിരെയുള്ള സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

അതേസമയം, തന്നെ എന്ത് തെറ്റിന്റെ പേരിലാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്ന് അറിയില്ലെന്നാണ് സജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടങ്കിലും, സസ്പെൻഷൻ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് മറുപടി ഒന്നും ലഭിച്ചില്ലെന്നും സജിത്ത് പറഞ്ഞു. തനിക്കെതിരെ ഉണ്ടായിരിക്കുന്ന നടപടിക്കെതിരെ, ബന്ധപ്പെട്ട അധികാരികളെ കാണുമെന്നും സജിത്ത് പറഞ്ഞു.

എ.എസ്. സജിത്ത് കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം കൊടുക്കുന്നു എന്നും ഇതിനാൽ കോളേജ് ക്യാമ്പസ്സിൽ അച്ചടക്കമില്ല എന്നുമാണ് ചില അധ്യാപകരുടെ പരാതി. എ.എസ്. സജിത്തിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് കോളേജിലെ അധ്യാപകർ രണ്ട് തട്ടിലാണ്.

അതേ സമയം വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സജിത്തിന്റെ പക്ഷത്താണ്. ക്രിയാത്മകതയെയും അതിന്റെ സൂക്ഷ്‌മഭേങ്ങളെയും പറ്റി ഉള്ള അറിവില്ലായ്‌മയും, അസൂയയും വൃത്തികെട്ട രാഷ്ട്രീയവുമാണ് ചില അധ്യാപകർ സജിത്തിനെതിരെ തിരിയാനുള്ള കാരണമെന്നാണ് വിദ്യാർത്ഥികളിലെ ഭൂരിപക്ഷ അഭിപ്രായം. പത്തുവർഷത്തോളം മുടങ്ങിക്കിടന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും നിരവധി പുതിയ കോഴ്സുകളും എക്സ്ചേഞ്ച് പ്രോഗ്രാമുകളും സജിത്തിന്റെ പ്രവർത്തന ഫലമായാണ് നടന്നതെന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *