Sat. Apr 20th, 2024
മലപ്പുറം:

വിവാദമായ കൊണ്ടോട്ടി രഹസ്യചര്‍ച്ചയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയെ ആണ് എസ്.ഡി.പി.ഐ. രംഗത്തിറക്കുന്നത്. ഇതോടെ മലപ്പുറത്ത് ലീഗ്-എസ്.ഡി.പി.ഐ. നീക്കുപോക്കുണ്ടാകില്ലെന്ന് വ്യക്തമായി. വിവാദമായ കൊണ്ടോട്ടി രഹസ്യചര്‍ച്ചയില്‍ പങ്കെടുത്തവരാണ് കുഞ്ഞാലിക്കുട്ടിയും മജീദ് ഫൈസിയും എന്നത് ശ്രദ്ധേയമാണ്.

പൊന്നാനി മണ്ഡലത്തിലെ മുസ്ലിം ലീഗ് വിജയമായിരുന്നു ചര്‍ച്ചയില്‍ പ്രധാന വിഷയമായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലീഗും, എസ്.ഡി.പി.ഐയും നീക്കുപോക്കിന് ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റിനെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ എസ്.ഡി.പി.ഐ. ശക്തമായ പോരാട്ടമാണ് ലക്ഷ്യമിടുന്നത് എന്നു വ്യക്തമായിരിക്കുകയാണ്. പൊന്നാനി മണ്ഡലത്തില്‍ എസ്.ഡി.പി.ഐ. നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു. അഡ്വ. കെ.സി. നസീര്‍ ആണ് പൊന്നാനിയിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി. ഇദ്ദേഹം നേരത്തെ വേങ്ങര ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ മലപ്പുറത്ത് എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ഇതിനിടെയാണ് കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി. ഹോട്ടലില്‍ നടത്തിയ രഹസ്യ ചര്‍ച്ച പരസ്യമായത്. എസ്.ഡി.പി.ഐ. ലീഗ് നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, എസ്.ഡി.പി.ഐ. സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ മജീദ് ഫൈസി, പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍ നാസറുദ്ദീന്‍ എളമരം എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

യാദൃശ്ചിക കൂടിക്കാഴ്ചയാണ് നടന്നത് എന്നായിരുന്നു ലീഗ് വിശദീകരണം. എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തേണ്ട ആവശ്യം ലീഗിനില്ല എന്നും നേതാക്കള്‍ പറഞ്ഞിരുന്നു. പി.വി. അന്‍വര്‍ ഇടതു സ്ഥാനാര്‍ത്ഥിയായതോടെ പൊന്നാനിയില്‍ ലീഗ് നേരിയ ആശങ്കയിലാണ്. എന്നാല്‍ ലീഗ് മുന്‍കൈയ്യെടുത്താണ് ചര്‍ച്ച നടത്തിയതെന്ന് അബ്ദുല്‍ മജീദ് ഫൈസി വെളിപ്പെടുത്തി. പതിനഞ്ചു മിനുറ്റാണ് ഇരുപാര്‍ട്ടി നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പൊന്നാനി മണ്ഡലത്തിലെ വിഷയങ്ങളാണ് ചര്‍ച്ചയായതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

പൊന്നാനിയില്‍ ഇടതുസ്ഥാനാര്‍ത്ഥി പി.വി. അന്‍വര്‍ എത്തിയതോടെ കോണ്‍ഗ്രസ് വോട്ടുകള്‍ ഇടിക്ക് ലഭിക്കില്ലെന്ന് മുസ്ലിംലീഗിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് എസ്.ഡി.പി.ഐയുമായി നീക്കുപോക്കിന് ശ്രമിച്ചത്. എന്നാല്‍ അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാല്‍ ചര്‍ച്ച ലീഗിന് അനുകൂലമായില്ല. 2014ല്‍ പൊന്നാനിയില്‍ 26000 വോട്ടുകള്‍ എസ്.ഡി.പി.ഐ. നേടിയിരുന്നു. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന ഇ.ടിയുടെ ഭൂരിപക്ഷം 25000 ആണ്. കണക്കുകള്‍ തൊട്ടടുത്ത് നില്‍ക്കുന്നതിനാല്‍ എസ്.ഡി.പി.ഐ. പിന്തുണ ലഭിച്ചാല്‍ ലീഗിന് ഭയമില്ലാതെ പ്രചാരണം നടത്താം. എന്നാല്‍, എസ്.ഡി.പി.ഐ. പൊന്നാനിക്ക് പിന്നാലെ മലപ്പുറത്തും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ലീഗിന് തലവേദന ഇരട്ടിയാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *