Thu. Apr 25th, 2024

കാർ നിർമ്മാണ ശാലകളിലും, ആധുനിക ഫാമുകളിലും എല്ലാം അവിഭാജ്യ ഘടകമായി മാറിയ റോബോട്ട് തൊഴിലാളികൾ ഇപ്പോൾ പാചക രംഗത്തേക്കും കടന്നു വരുന്നു. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാലീ ബർഗർ (Cali Buger) എന്നു പേരുള്ള ബർഗർ റെസ്റ്റോറന്റ് ശൃംഖലയാണ് തങ്ങളുടെ അടുക്കളയിൽ “ഫ്ലിപ്പി” എന്ന് പേരുള്ള റോബോട്ടുകളെ ഉപയോഗിച്ച് ബർഗർ ഉണ്ടാക്കി വിൽക്കുന്നത്.
ഇമേജുകൾ തിരിച്ചറിയാനും, ചൂട് മനസ്സിലാക്കാനുമുള്ള സെൻസറുകൾ ഉപയോഗിച്ചു “ഫ്ലിപ്പി റോബോട്ട്” അനായാസം ബർഗറുകൾ രണ്ടു വശവും മറിച്ചിട്ടു കൃത്യമായ വേവിൽ രുചികരമായ ബർഗറുകൾ ഉണ്ടാക്കും. ഫ്ലിപ്പിക്കു 12 ബർഗർ വരെ ഒരേ സമയം കൈകാര്യം ചെയ്യാൻ സാധിക്കും. അങ്ങനെ ദിവസത്തിൽ രണ്ടായിരത്തോളം ബർഗറുകൾ ഇടതടവില്ലാതെ ഉണ്ടാക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. പൂർണ്ണമായും യന്ത്രവൽകൃതമായതിനാൽ ഒരേ വേവിലും രുചിയിലും നൂറു ശതമാനം ശുചിത്വവും ഉറപ്പു വരുത്താൻ സാധിക്കും.

പക്ഷെ ഇത്തരം റോബോട്ടുകൾ വ്യാപകമാകുന്നതോടെ ലോകത്തിലെ അവിദഗ്ദ്ധ തൊഴിലാളികളുടെ ഏറ്റവും വലിയ ആശ്രയമായ ഫാസ്റ്റ് ഫുഡ് ഔട്ട് ലെറ്റ് ജോലികളിൽ വൻ തോതിൽ ഇടിവ് സംഭവിക്കുമെന്ന് ഇതിനകം ആശങ്ക പരന്നിട്ടുണ്ട്. അമേരിക്കയിൽ ഈ രംഗത്തുള്ള തൊഴിലാളികൾ മണിക്കൂറിൽ 15 ഡോളർ ലഭിക്കാനുള്ള പോരാട്ടത്തിലാണ്. അതുകൊണ്ട് റെസ്റ്റോറന്റ് ഉടമകൾ തൊഴിലാളികൾക്ക് പകരം 60000 ഡോളർ വിലയുള്ള ഇത്തരം ഒരു റോബോട്ട് വാങ്ങി വെക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓരോ വർഷവും 12000 ഡോളറിന്റെ അറ്റകുറ്റപണികൾ ഉണ്ടാകുമെങ്കിലും റോബോട്ടുകൾ തന്നെയായിരിക്കും മുതലാളിമാർക്ക് ലാഭകരം.

പക്ഷെ തൊഴിലവസരങ്ങൾ വെട്ടി കുറയ്ക്കുകയല്ല, മറിച്ചു, റോബോട്ടുകൾ ഒരു മൂന്നാം കൈ പോലെ പ്രവർത്തിക്കും എന്നാണ് ഫ്ലിപ്പി റോബോട്ടുകളെ നിർമ്മിച്ച് നൽകുന്ന മിസോ റോബോട്ടിക്സിന്റെ സി.ഇ.ഒ ആയ ഡേവിഡ് സിറ്റോ പറയുന്നത്. റോബോട്ടുകളെ കാണുകയോ, കേൾക്കുകയോ ചെയ്‌താൽ ഉടനെ തൊഴിൽ നഷ്ടത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

കാലീ ബർഗറിന്റെ അൻപതോളം ഔട്ട് ലെറ്റുകളിൽ ഇപ്പോൾ ഫ്ലിപ്പി ആണ് ബർഗർ തയ്യാറാക്കുന്നത്. അതുകൊണ്ടാണ് അവർക്കു “സതേൺ കാലിഫോർണിയ സ്റ്റൈൽ ഹാംബർഗർ” 3 .99 ഡോളറിനു വിൽക്കാൻ സാധിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ധാരാളം യുവതീ യുവാക്കളെ ഇതിനു മുന്നേ പരിശീലിപ്പിച്ചു ജോലിക്കു വെച്ചെങ്കിലും ചൂട് നിറഞ്ഞ ഗ്രില്ലിനു മുന്നിലെ ജോലി ഉപേക്ഷിച്ചു അവരൊക്കെ യൂബർ കാർ ഓടിക്കാൻ പോകുന്നതും റോബോട്ടുകളെ പകരക്കാരാക്കാൻ പ്രേരിപ്പിച്ചു എന്നാണ് “കാലീ ബർഗർ” സി ഇ ഓ ജോൺ മില്ലർ പറയുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാൻ “ഫ്ലിപ്പിസ് കിച്ചൻ” എന്ന പേരിലെ അടുക്കള സന്ദർശിക്കാനുള്ള അവസരവും “കാലീ ബർഗർ” ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *