Sat. Apr 20th, 2024
ചെന്നൈ:

വിജയ് സേതുപതി ട്രാൻസ്‍ജെൻഡർ കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്ന ‘സൂപ്പർ ഡീലക്സ്’ എന്ന തമിഴ് ചിത്രത്തെ പ്രശംസിച്ചു ബോളിവുഡ് സംവിധായൻ അനുരാഗ് കശ്യപ്. സൂപ്പർ ഡീലക്സിന്റെ ട്രെയ്‌ലർ മികച്ചതാണെന്ന് അഭിപ്രായപ്പെട്ട അനുരാഗ്, ചിത്രത്തിന്റെ സംവിധായകൻ ത്യാഗരാജൻ കുമാരരാജയെ അഭിനന്ദിക്കുകയും, ഈ സിനിമയുടെ ഭാഗമാകാൻ തനിക്ക് അവസരം കിട്ടിയിരുന്നു എന്നും, ആ അവസരം നഷ്ടപ്പെട്ടതിൽ ഖേദമുണ്ട് എന്നും തന്റെ ട്വിറ്റർ കുറിപ്പിൽ പറഞ്ഞു.

ചിത്രത്തിന്റെ ആലോചന ഘട്ടത്തിൽ അനുരാഗ് കശ്യപിനെ തിരക്കഥ രചനയിൽ പങ്കാളിയാക്കുവാൻ ത്യാഗരാജൻ കുമാരരാജ ആലോചിച്ചിരുന്നു. ഈ ആവശ്യം അനുരാഗിനെ അറിയിക്കുകയും ചെയ്തിരുന്നു എന്നാൽ അനുരാഗ് കശ്യപ് തന്റെ സ്വപ്ന ചിത്രമായിരുന്നു ‘ബോംബെ വെൽവെറ്റ്’ പരാജയപ്പെട്ടതിന്റെ മാനസിക വിഷമത്തിലായിരുന്നതിനാൽ തിരക്കഥാ രചനക്കുള്ള ക്ഷണം നിരസിക്കുകയായിരുന്നു. ഇതാണ് സിനിമയുടെ ഭാഗമാകാൻ തനിക്ക് അവസരം കിട്ടിയിരുന്നു എന്നും ആ അവസരം നഷ്ടപ്പെട്ടതിൽ ഖേദമുണ്ട് എന്നും അനുരാഗ് കശ്യപ് പറഞ്ഞത്. തമിഴിലെ പ്രശസ്ത സംവിധായകരായ മിഷ്കിൻ, നളൻ കുമാരസ്വാമി, രചയിതാവ് നീലൻ .കെ ശേഖർ എന്നിവർ സൂപ്പർ ഡീലക്സിന്റെ തിരക്കഥാരചനയിൽ പിന്നീട് ഭാഗമായി. വേലയ്ക്കാരന് ശേഷമുള്ള ഫഹദ് ഫാസിലിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് സൂപ്പർ ഡീലക്സ്.

‘ദേവ് ഡി’, ‘ഗ്യാങ്സ് ഓഫ് വാസ്സിപൂർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അനുരാഗ് കശ്യപ്, തമിഴ് സിനിമയിൽ ഇതിനു മുൻപു ഭാഗമായിട്ടുണ്ട്. നയൻതാര പ്രധാനവേഷത്തിൽ അഭിനയിച്ച്‌ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ‘ഇമൈക്ക നോഡിഗൾ’ എന്ന ചിത്രത്തിൽ അനുരാഗ് കാശ്യപാണ് പ്രതിനായകന്റെ വേഷത്തിൽ അഭിനയിച്ചത്.

ബോളിവുഡ് നടൻ ജാക്കി ഷ്‌റോഫ് പ്രധാന വേഷത്തിലെത്തിയ, ‘ആരണ്യകാണ്ഡം’ എന്ന തന്റെ കന്നിച്ചിത്രത്തിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ ത്യാഗരാജൻ കുമാരരാജ, സഹരചനയും, സംവിധാനവും, നിർമ്മാണവും നിർവ്വഹിക്കുന്ന സൂപ്പർ ഡീലക്സിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ സമാന്ത, സംവിധായകൻ മിഷ്കിൻ, രമ്യകൃഷ്ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. പി. എസ്. വിനോദ്, നീരവ് ഷാ എന്നിവർ ഛായാഗ്രഹണവും സത്യാരാജ് നടരാജൻ സന്നിവേശവും നിർവ്വഹിക്കുന്ന ചിത്രം മാർച്ച് 29 ന് റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *