Thu. Apr 18th, 2024

ഖത്തർ:

നാലുതവണ ഏഷ്യ കപ്പു നേടിയിട്ടുള്ള ശക്തരായ ജപ്പാനെ 3 -1 നു അട്ടിമറിച്ച്, ഖത്തർ ആദ്യമായി ഏഷ്യ കപ്പിൽ മുത്തമിട്ടു. ഫിഫ റാങ്കിങിൽ 50–ാം സ്ഥാനത്തുള്ള ജപ്പാൻ ആദ്യമായാണ് ഏഷ്യൻ കപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്. ഫിഫ റാങ്കിങിൽ 93–ാം സ്ഥാനക്കാരായ ഖത്തർ, ഇറാഖ്, ദക്ഷിണ കൊറിയ, യുഎഇ എന്നിവരെ അട്ടിമറിച്ചാണു ഫൈനലിലെത്തിയത്.

2022 ഫുട്ബാൾ ലോകകപ്പ് ആതിഥ്യമരുളാൻ എന്തുകൊണ്ടും തങ്ങൾ യോഗ്യരാണെന്നു തെളിയിച്ചുകൊണ്ട്, വിമർശകരുടെ വായടപ്പിക്കുന്ന ആധികാരിക വിജയങ്ങളോടെയാണ് ഖത്തർ, ടൂർണ്ണമെന്റിലെ എല്ലാ മത്സരങ്ങളും പൂർത്തിയാക്കിയത്. എതിരാളികളുടെ വലയിലേക്ക് അവർ 19 ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ വെറും ഒരു ഗോൾ മാത്രമാണ് അവർ വഴങ്ങിയത്.

അതോടൊപ്പം ഒരു ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡും 9 ഗോൾ നേടിയ ഖത്തറിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ അല്‍മോസ് അലി സ്വന്തമാക്കി.

ഫൈനലിന്റെ 12-ാം മിനിറ്റില്‍ ഒരു ബൈസിക്കിള്‍ കിക്കിലൂടെയായിരുന്നു അല്‍മോസ് റെക്കോഡ് സ്വന്തമാക്കിയത്. 15 മിനിറ്റിനു ശേഷം അബ്ദുൽ അസീസ് ഹതീമിന്റെ ലോങ്ങ് റേഞ്ചറിലൂടെ ഖത്തർ വീണ്ടും ലക്‌ഷ്യം കണ്ടു. രണ്ടാം പകുതിയിൽ മികച്ച തിരിച്ചു വരവ് നടത്തിയ ജപ്പാൻ 69 -ആം മിനിറ്റിൽ മിനാമിനോയിലൂടെ ഒരു ഗോൾ മടക്കി. എന്നാൽ ഖത്തറിനു അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്കിലൂടെ 83ആം മിനിറ്റിൽ അക്രം ഹാഫിഫ് വിജയം ഉറപ്പിച്ചു.

ഖത്തറിന് ഇത് വെറുമൊരു ഫുട്ബാൾ മത്സരം എന്നതിലുപരി ഗൾഫ് മേഖലയിൽ തങ്ങളെ ഒറ്റപ്പെടുത്തിയ അയൽ രാജ്യങ്ങൾക്കെതിരെയുള്ള ഒരു രാഷ്ട്രീയ പോരാട്ടം കൂടിയായിരുന്നു. അതുകൊണ്ട് അവർക്കു ഈ ഏഷ്യ കപ്പു വിജയം ഇരട്ടി മധുരമാണ്.

Leave a Reply

Your email address will not be published. Required fields are marked *