Fri. Mar 29th, 2024

മാലെ, മാലിദ്വീപ്

maldives1
ശക്തമായ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കു നടുവിൽ മാലിദ്വീപ്, കൂടുതൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു

 

രാഷ്ട്രപതി അബ്ദുള്ള യമീനെതിരെയുള്ള പ്രതിഷേധങ്ങൾ തലസ്ഥാനമായ മാലെയിൽ ശക്തി പ്രാപിക്കുന്നു. ഫെബ്രുവരി ഒന്നിലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ പ്രതിപക്ഷം സമ്മർദ്ദം ചെലുത്തുന്നത് തുടരുന്നതിനിടെയാണ് ഇത്.

മൂന്ന് പാർലമെന്റ് അംഗങ്ങളെ (എം.പി) ക്കൂടി പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. അബ്ദുള്ള ഷഹീദ്, അബ്ദുള്ള റിയാസ്, അബ്ദുള്ള ലത്തീഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആറ് പ്രതിപക്ഷ നേതാക്കളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

അദാലത്ത് പാർട്ടിയുടെ ഡെപ്യൂട്ടി നേതാവായ അലി സാഹിർ ഇപ്പോഴുള്ള പ്രതിസന്ധിയുടെ കാരണം രാഷ്ട്രപതി യമീനാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. “ഇത് തീർച്ചയായും പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ്. അന്താരാഷ്ട്ര വ്യവസ്ഥിതിയിൽ രാഷ്ട്രപതി യമീനെ സ്വേച്ഛാതിപതിയായി കണക്കാക്കണം.” സാഹിർ വ്യക്തമാക്കി.

ജയിലിലടയ്ക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗളെ ലക്ഷ്യം വെച്ച് പോലീസ് ഉപദ്രവിക്കുന്നു എന്നും ആരോപണമുണ്ട്. ക്രൂരമായി കൈകാര്യം ചെയ്യുകയും വളരെ അടുത്ത് നിന്ന് പെപ്പർ സ്പ്രേ ഉപയോഗിച്ചതായും പറയുന്നു.

“ജയിലിലടയ്ക്കപ്പെട്ട രാഷ്ട്രീയ നേതാക്കാളുടെ ഭാര്യമാരെയും അമ്മമാരെയും പോലീസ് ലക്ഷ്യം വെച്ച് ഉപദ്രവിക്കുകയാണ്. പ്രസിഡന്റ് മൊഹമ്മദ് നഷീദിന്റെ അമ്മയെയും കേൽ നസീമിന്റെ ഭാര്യ, ഷേയ്ക് ഇമ്രാന്റെ ഭാര്യ, എന്നിവരെയും വളരെ ക്രൂരമായ രീതിയിൽ പോലീസ് കൈകാര്യം ചെയ്യുകയും വളരെ അടുത്തുനിന്നുകൊണ്ട് പെപ്പർ സ്പ്രേ ഉപയോഗിക്കുകയും ചെയ്തു” എം പി ഈവ അബ്ദുള്ള ട്വിറ്ററിൽ പറഞ്ഞു.

അറസ്റ്റ് ചെയ്ത എം പി കളെ സുരക്ഷിതരായി വിട്ടയയ്ക്കണമെന്നാണ് പ്രതിഷേധകരുടെ ആവശ്യം. എം പി അലി ഹുസൈൻ ട്വിറ്ററിൽ പറഞ്ഞു: “പ്രസിഡന്റ് നഷീദിന്റെ അമ്മ എം പി യെ വിട്ടയയ്ക്കുക എന്ന പോസ്റ്ററുമായി. പ്രസിഡന്റ് മൌമൂനിന്റെ മകൻ ഫാരിസ്. ഇനി ഒരിക്കലും മാലിദ്വീപിൽ അന്യായം വെച്ചുപൊറുപ്പിക്കില്ല എന്ന മുഴുവൻ രാജ്യത്തോടുമുള്ള ശക്തമായ സന്ദേശം.”

 

രാജ്യത്തെ പ്രതിഷേധങ്ങക്ൾ ടൂറിസം മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വൻ തോതിലുള്ള കാൻസലേഷനുകളാണ് ടൂർ ഓപ്പറേറ്റർമാർ റിസോർട്ടുകളിൽ നടത്തുന്നത്.

40 ശതമാനം റൂം കാൻസലേഷനുകളാണ് ഭൂരിഭാഗം റിസോർട്ടുകളും നേരിടുന്നത്. ഇത് ജീവനക്കാരെ നേരിട്ട് ബാധിക്കും.

കാപിറ്റൽ ട്രാവൽ ആന്റ് ടൂർസ് സി ഇ ഒ യൂസഫ് റിഫാത്ത് വിഷയത്തെക്കുറിച്ച് ട്വിറ്ററിൽ ആകുലപ്പെട്ടു. “രാഷ്ട്രീയ അസ്ഥിരതയും അടിയന്തരാവസ്ഥയും കാരണം മാലിദ്വീപ് കടുത്ത പ്രതിസന്ധിയിലാണ്. നിക്ഷേപകരുടെ ആത്മവിശ്വാസം കുറയുന്നു. സാമ്പത്തിക മേഖല പുറകോട്ട് പോകുന്നു. അർത്ഥവത്തായ സംഭാഷണങ്ങളിലൂടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം പരിഹരിക്കേണ്ടിയിരിക്കുന്നു. ആരും നിയമത്തിന് മുകളിലല്ല” ട്വീറ്റ് പറഞ്ഞു.

 

പെബ്രുവരി 20 മുതൽ മാലിദ്വീപിലെ അവസ്ഥ വഷളാവുകയാണുണ്ടായത്. അടിയന്തരാവസ്ഥയുടെ കാലാവധി മുപ്പത് ദിവസം കൂടി മാലിദ്വീപ് പാർലമെന്റ് നീട്ടിയിരുന്നു. പ്രസിഡന്റ് യമീൻ രാജ്യസുരക്ഷ്യയ്ക്കുള്ള ഭീഷണി, ഭരണഘടനാപരമായ പ്രതിസന്ധി എന്നിവ ചൂണ്ടിക്കണിച്ചതിനെ തുടർന്നായിരുന്നു ഇത്.

പ്രതിപക്ഷ നേതാക്കൾ സെഷൻ ബഹിഷ്കരിക്കുകയും അടിയന്താരാവസ്ഥ നീട്ടിയ നടപടി ഭരഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണ് എന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

 

മാലിദ്വീപ് സുപ്രീം കോടതിയുടെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള വിധി പ്രസിഡന്റ് നടപ്പിലാക്കാത്തതിനെത്തുടർന്നാണ് മാലിദ്വീപിൽ പ്രശ്നങ്ങൾ തുടങ്ങിയത്. മാലിദ്വീപ് മുൻ പ്രസിഡന്റ് അബ്ദുള്ള സയീദ്, സുപ്രീം കോടതി ജസ്റ്റിസ് അലി ഹമീദ് എന്നിവരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കുള്ളി അറസ്റ്റ് ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *