Fri. Mar 29th, 2024

ന്യൂഡൽഹി

dalai_lama_march02
ദലൈലാമ്യ്ക്ക് മതപരമായ പ്രവർത്തനങ്ങൾക്ക് അനുമതി

ടിബറ്റൻ ആദ്ധ്യാത്മിക നേതാവ് ദലൈലാമയ്ക്ക് ഇന്ത്യയിൽ, അദ്ദേഹത്തിന്റെ മതപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോവാൻ എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചതായി സർക്കാരിന്റെ ഒരു ഔദ്യോഗിക വക്താവ് വെള്ളിയാഴ്ച വ്യക്തമാക്കി.

ബെയ്‌ജിംഗുമായുള്ള ബന്ധത്തിനു ശക്തികൂട്ടാൻ വേണ്ടി, ദലൈലാമയുടെ എല്ലാ ചടങ്ങുകളും ഒഴിവാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടുവെന്ന പ്രസ്താവന ചില മാദ്ധ്യമറിപ്പോർട്ടുകളിൽ വന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

ഇക്കാര്യത്തിൽ, ആത്മീയനേതാവിനോടുള്ള നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് ആഭ്യന്തരമന്ത്രാലയം ഊന്നിപ്പറഞ്ഞു.

“ദലൈലാമയോട് ഇന്ത്യൻ സർക്കാരിനുള്ള നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. അദ്ദേഹം ആദരണനീയനായ ഒരു മതനേതാവും ഇന്ത്യയിലെ ജനങ്ങളാൽ വലിയ തോതിൽ ബഹുമാനിക്കപ്പെടുന്ന ആളുമാണ്. ആ സ്ഥിതിയിൽ മാറ്റമൊന്നുമില്ല. മതപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോവാൻ അദ്ദേഹത്തിന് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചിരിക്കുന്നു.” പ്രസ്താവനയിൽ പറയുന്നു.

ചൈനയുമായുള്ള ബന്ധം നേരെയാക്കാനുള്ള ഇന്ത്യയുടെ കടമയുടെ സാക്ഷാത്ക്കാരത്തിനു വേണ്ടിയെന്ന രീതിയിൽ, ദൈലൈലാമയുടെ എല്ലാ പരിപാടികളും ഒഴിവാക്കാൻ, വിദേശകാര്യസെക്രട്ടറി വിജയ് ഗോഖ്‌ലെ ഫെബ്രുവരിയിൽ ഒരു ഔദ്യോഗിക പ്രസ്താവന ഇറക്കിയെന്ന് വാർത്തയുണ്ടായിരുന്നു.

ചൈനയുടെ വൈസ് വിദേശകാര്യമന്ത്രി കോംഗ് ഷുവാൻ-യു, വിദേശകാര്യമന്ത്രി, വാംഗ്, സ്റ്റേറ്റ് കൌൺസിലർ യാംഗ് ജിയെചി എന്നിവരുമായി ചർച്ച നടത്താൻ വിദേശകാര്യ സെക്രട്ടറി ബെയ്‌ജിംഗിലേക്കു പോകുന്നതിനു ഒരു ദിവസം മുമ്പാണ് ഈ കുറിപ്പ് ഇറക്കിയതെന്നാണ് അനുമാനം.

Leave a Reply

Your email address will not be published. Required fields are marked *