Tue. Apr 23rd, 2024

ബെയ്‌റൂട്ട്, ലെബനൻ,

അമേരിക്കയുടെ സെക്രട്ടറി റെക്സ് ടില്ലർസൺ, ലബനീസ് പ്രധാനമന്ത്രി സാദ് ഹരീരിയുമായി വ്യാഴാഴ്ച ബെയ്‌റൂട്ടിൽ ചർച്ച നടത്തി. ഇറാൻ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയുടെ ആയുധശേഖരത്തെക്കുറിച്ചും അത് ലെബനണിന്റെ  സുരക്ഷയിൽ വിള്ളലുണ്ടാക്കിയേക്കാവുന്നതിനെക്കുറിച്ചും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

“സിറിയയിൽ ഹിസ്ബുള്ളയുടെ സാന്നിദ്ധ്യം നിരന്തരമായ രക്തച്ചൊരിച്ചിൽ ഉണ്ടാക്കുക മാത്രമാണു ചെയ്തത്. കൂടാതെ നിരപരാധികളുടെ കുടിയേറ്റത്തിനും, ഭീകരമായൊരു ഭരണകൂടം ഉയർന്നുവരുന്നതിനും അതു വഴി വെച്ചു.” ടില്ലർസൺ പറഞ്ഞതായി ഒരു കുവൈറ്റ് മാദ്ധ്യമം റിപ്പോർട്ടു ചെയ്തു.

“ഹിസ്ബുള്ള അമേരിക്കയുടെ മാത്രം പ്രശ്നമല്ല. ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങളും അതിന്റെ വർദ്ധിച്ചുവരുന്ന ആയുധശേഖരവും കാരണം, അനാവശ്യവും നിവൃത്തിയില്ലാത്തതുമായ നിരീക്ഷണത്തിൽ ലെബനൺ ഉൾപ്പെടുമെന്ന് ലെബനണിലെ ജനങ്ങൾ കൂടെ ബോധവാന്മാരാവണം.”

ഹിസ്ബുള്ള ലെബനണിന്റെ രാഷ്ട്രീയമേഖലയുടെ ഒരു ഭാഗമാണെന്ന യാഥാർത്ഥ്യം അമേരിക്ക പ്രസ്താവിക്കണമെന്ന് പറഞ്ഞതിനു ടില്ലർസൺ, ഒരു ദിവസം മുമ്പ് വിമർശനം നേരിടേണ്ടിവന്നിരുന്നു.

പതിനായിരക്കണക്കിനു ജനങ്ങൾ ഉള്ള ഒരു സേന ഹിസ്ബുള്ള പ്രസ്ഥാനത്തിന്റെ കീഴിൽ 2006ൽ ഒരു പ്രാവശ്യം ഇസ്രായേലുമായി യുദ്ധം ചെയ്തിരിക്കുന്നതിനെച്ചൊല്ലി ലെബനണും അയൽ രാജ്യമായ ഇസ്രായേലും തമ്മിൽ പ്രശ്നങ്ങളുണ്ടായിരിക്കുന്ന സമയത്താണ് ടില്ലർസണിന്റെ ഈ സന്ദർശനം.

അമേരിക്ക, ഹിസ്ബുള്ളയെ ഭീകരസംഘടനയുടെ ലിസ്റ്റിൽ പെടുത്തിയിട്ടുണ്ട്.

സ്വതന്ത്രവും ജനാധിപത്യപരവുമായ ലെബനൺ നിലവിൽ വരാൻ വേണ്ടി വാഷിംഗ്‌ടണിന്റെ പിന്തുണ വാഗ്ദാനം ചെയ്യാനും ടില്ലർസൺ ഈ അവസരം വിനിയോഗിച്ചു.

“ ഒരു സ്വതന്ത്രവും, ജനാധിപത്യപരവുമായതും, മറ്റുള്ളവരുടെ സ്വാധീനം ഇല്ലാത്തതുമായ ലെബനനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ലബനണിലെ ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്നത് ഇറാൻ ആണെന്ന് ഞങ്ങൾക്കറിയാം. ഈ പിന്തുണ ലെബനണിന്റെ ദീർഘകാലഭാവിയ്ക്ക് സഹായകമാവില്ലെന്ന് ഞങ്ങൾ കരുതുന്നു.” അദ്ദേഹം പറഞ്ഞു.

ലെബനൺ കൂടാതെ ഈജിപ്ത്, കുവൈറ്റ്, ജോർദ്ദാൻ, തുർക്കി എന്നീ രാജ്യങ്ങളും അഞ്ചു ദിവസത്തേക്കുള്ള ഈ യാത്രയിൽ അമേരിക്കയുടെ സെക്രട്ടറി സന്ദർശിക്കും.

Leave a Reply

Your email address will not be published. Required fields are marked *